മുട്ടം വിജിലൻസ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം ചെയ്തു

post

സർക്കാർ സംവിധാനം അഴിമതി രഹിതമാക്കും: മുഖ്യമന്ത്രി

സർക്കാർ സംവിധാനം മുഴുവൻ അഴിമതി രഹിതമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റിൽ പണികഴിപ്പിച്ച മുട്ടം ട്രെയിനിങ് സെന്റർ, സോളാർ പവർ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ വകുപ്പുകൾ പൂർണ്ണമായും അഴിമതി രഹിതമാണെന്ന് പറയുന്നില്ല. ചില പുഴുക്കുത്തുകൾ ഉദ്യോഗസ്ഥർക്കിടയിൽ അവശേഷിക്കുന്നുണ്ട്. ഇവരെക്കൂടി കണ്ടെത്തി സർക്കാർ സംവിധാനം മുഴുവൻ അഴിമതി രഹിതമാക്കും. സംസ്ഥാനത്ത് വിജിലൻസിന്റെ പ്രവർത്തനം മികച്ചതും മാതൃകാപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ശക്തിപ്പെടുത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ട്രെയിനിങ് സെന്റർ നിർമ്മിക്കുകയും ലിഫ്റ്റ് സ്ഥാപിക്കുകയും ചെയ്തത്. ആധുനിക സൗകര്യങ്ങളോടെയാണ് വിജിലൻസ് ഓഫീസിൽ ട്രെയിനിങ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വകുപ്പിൽ നിന്നും അനുവദിച്ച 34,35,105 രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം.

മുട്ടത്തെ വിജിലൻസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ട്രെയിനിങ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിനിങ് ഹാളിൽ പബ്ലിക് അഡ്രസ് സിസ്റ്റം, പ്രൊജക്ടർ, പോഡിയം എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മുട്ടം വജിലൻസ് ഓഫീസിന്റെ ടെറസിൽ സോളാർ പാനലുകളും സ്ഥാപിച്ചു.