മെഡിക്കല്‍ കോളേജ് പുതിയ ബാച്ചിന്റെ പ്രവേശനോത്സവം നടത്തി

post

ഇടുക്കിക്കാര്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണിതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി മെഡിക്കല്‍ കോളേജിലെ പുതിയ എം.ബി.ബി എസ്. ബാച്ചിന്റെ പ്രവേശനോത്സവം കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍ തന്നെ എല്ലാതരം ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ബാച്ചിനുള്ള അനുമതി ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ നിന്ന് നേടിയെടുത്തത്. ഇടുക്കി മെഡിക്കല്‍ കോളേജിന് ഒന്നും സംഭവിക്കില്ല എന്ന് മുഖ്യമന്ത്രി തന്ന ഉറപ്പ് യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണിതെന്നും മന്ത്രി പറഞ്ഞു. പുതിയ ബാച്ചില്‍ പ്രവേശനം നേടിയ 77 കുട്ടികള്‍ക്കും മന്ത്രി റോഷി അഗസ്റ്റിന്‍ പനിനീര്‍പ്പൂക്കള്‍ നല്‍കി കോളേജിലേക്ക് സ്വീകരിച്ചു.

ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22 നാണ് തുടങ്ങിയത്. നിലവില്‍ 77 കുട്ടികള്‍ പ്രവേശനം നേടിയിട്ടിട്ടുണ്ട്. ഇതില്‍ 76 പേര്‍ സംസ്ഥാനത്ത് നിന്നും ഒരാള്‍ ഓള്‍ ഇന്ത്യാ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ്.

പ്രവേശനോതസവ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം. പി. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമും നടത്തി