അടിമാലി പോലീസ് സ്‌റ്റേഷന്റെ ചുമതല ഏറ്റെടുത്ത് എസ് ഐ സുലേഖയും സംഘവും

post

അടിമാലി: വനിതാ ദിനത്തില്‍ അടിമാലി പോലീസ് സ്‌റ്റേഷന്റെ നിര്‍വ്വഹണ ചുമതല ഏറ്റെടുത്ത് പതിനാറംഗ വനിതാപോലീസുദ്യോഗസ്ഥര്‍. സ്ത്രീ സുരക്ഷക്കൊപ്പം സമത്വത്തിന്റെയും തുല്യതയുടെയും സന്ദേശം പകര്‍ന്നാണ് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പോലീസ് സ്‌റ്റേഷനുകളുടെ നിര്‍വ്വഹണ ചുമതല വനിതാ ദിനത്തില്‍ വനിതാപോലീസുകാര്‍ക്ക് കൈമാറിയത്.

ഇടുക്കിയില്‍ അടിമാലി ഉള്‍പ്പെടെ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ വനിതകള്‍ക്കായി വഴിമാറി.സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖയുടെ നേതൃത്വത്തിലുള്ള പതിനാറംഗ വനിതാ പോലീസ് സംഘത്തിനായിരുന്നു അടിമാലി സ്റ്റേഷന്റെ ചുമതല.സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പിആര്‍ഒ, റൈറ്റര്‍, പാറവ്, ഡ്രൈവര്‍ തുടങ്ങി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരാതി അദാലത്ത് നടത്തിയതും പട്രോളിംഗ് നടത്തിയതുമെല്ലാം വനിതാ ഉദ്യോഗസ്ഥര്‍ തന്നെ.വനിതാദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖ പറഞ്ഞു.വനിതാദിനത്തില്‍ അടിമാലി സ്റ്റേഷനിലെത്തിയ മൂന്നാര്‍ ഡിവൈഎസ്പി എം രമേശ്കുമാറിന് പെണ്‍കരുത്തിന്റെ കൈകള്‍ സല്യൂട്ട് നല്‍കി.ആഘോഷങ്ങളുടെ ഭാഗമായി ഡിവൈഎസ്പി വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മധുരം പങ്കിട്ടു.വനിതാദിനത്തില്‍ സ്റ്റേഷന്‍ ചുമതല ഏറ്റെടുത്തിട്ടുള്ള മുഴുവന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്നാര്‍ ഡിവൈഎസ്പി എം രമേശ്കുമാര്‍ ആശംസകള്‍ നേര്‍ന്നു.

ആഘോഷങ്ങള്‍ക്കപ്പുറം കൃത്യനിര്‍വ്വഹണത്തിലും സ്റ്റേഷന്റെ നിര്‍വ്വഹണചുമതല ലഭിച്ച വനിതാപോലീസുകാര്‍ കണിശത പുലര്‍ത്തി.പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീകളുടെ പ്രശ്‌നത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖയടക്കം കൃത്യമായ ഇടപെടല്‍ നടത്തി.സ്റ്റേഷന്റെ മുഴുവന്‍ ചുമതലയും വനിതാപോലീസുകാര്‍ ഏറ്റെടുത്തത് സ്റ്റേഷനിലെത്തിയ പരാതികാര്‍ക്കും കൗതുകം സമ്മാനിച്ചു.