പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനപരീക്ഷാ പരിശീലനം

post

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന 2024-ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സ് പ്രവേശനപരീക്ഷകള്‍ക്ക് പരിശീലനം നല്‍കും. 2023 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങള്‍ എടുത്ത് വിജയിച്ച പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെയും 2023-ല്‍ നീറ്റ് അല്ലെങ്കില്‍ കീം പരീക്ഷ എഴുതിയിട്ടുളളവരാണെങ്കില്‍ അതിലെ സ്‌കോറിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം.

പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, വിദ്യാര്‍ഥിയുടെ സമ്മതപത്രം എന്നിവ ഉള്‍പ്പെടെ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, 2023-ലെ പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം.

മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രത്യേകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ (ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട്) മുഖേനയോ നേരിട്ടോ തപാല്‍ മാര്‍ഗമോ ജൂലൈ 10 ന് ഉച്ചക്ക് 12 ന് മുമ്പായി തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. പരിശീലന പരിപാടിയില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കില്‍ പങ്കെടുത്ത വര്‍ഷം സഹിതം അപേക്ഷയില്‍ രേഖപ്പെടുത്തണം. 2022-23 വര്‍ഷം പരിശീലന പരിപാടിയില്‍ പങ്കെടുത്തവരെ പരിഗണിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222399.