രാജമലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പാലം വരുന്നു

post

നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുടെ വാസസ്ഥലമായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം എക്കാലത്തും സഞ്ചാരികള്‍ക്ക് പ്രിയമുള്ള ഇടമാണ്. മൂന്നാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രാജമലയില്‍ ഇടമുറിയാതെ സഞ്ചാരികളുടെ തിരക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ വിനോദസഞ്ചാര സീസണുകളില്‍ ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ വരുന്ന രാജമലയിലേക്കുള്ള യാത്ര പലപ്പോഴും ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം വൈകുന്നത് പതിവാണ്.

രാജമലയിലെ ഈ ഗതാതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ പുതിയ പാലം ഒരുങ്ങുകയാണ്. രാജമല അഞ്ചാം മൈലിനു സമീപം പുതുതായി മറ്റൊരു പാലം നിര്‍മ്മിച്ച് ഇരു വശങ്ങളിലേക്കുമുള്ള ഗതാഗതം നിയന്ത്രിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇവിടെ മറ്റൊരു പാലമുണ്ടെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാനായാണ് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നത്.

പാലം നിര്‍മ്മാണ അനുമതിക്ക് മുന്നോടിയായി പ്രദേശത്ത് മണ്ണ് പരിശോധന തുടങ്ങി. അഞ്ചാംമൈല്‍ വളവിലാണ് പാലം നിര്‍മ്മിക്കുക. ഏഴര മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കുമ്പോള്‍ ഒന്നര മീറ്റര്‍ വീതിയുള്ള ഫുട്പാത്തും നിര്‍മ്മിക്കാനാണ് തീരുമാനം. മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതകൂടിയാണിത്. ഒരേ സമയം വിനോദസഞ്ചാരികളുടെ വാഹനങ്ങളും മറ്റു വലിയ വാഹനങ്ങളും എത്തുന്നതോടെയാണ് പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

ദേശീയോദ്യാനത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഇതേ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്രമീകരണം ഒരുക്കുന്നതിന് തടസ്സമായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മറ്റൊരുപാലം നിര്‍മ്മിക്കണമെന്ന ആവശ്യം എ രാജ എംഎല്‍എ സര്‍ക്കാരിനോട് ഉന്നയിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ സാറാ സാമുവല്‍, അസി. എന്‍ജിനീയര്‍ റിയാസ് കെ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് പരിശോധന പുരോഗമിക്കുന്നത്.