തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം സ്വന്തമാക്കി ഇടുക്കി പൂപ്പാറ സ്വദേശി അരുൾ കറുപ്പുസ്വാമി

post

മരംകയറ്റ മേഖലയിലെ മികച്ച തൊഴിലാളിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഇടുക്കി ജില്ലയിലെ തലക്കുളം പൂപ്പാറ സ്വദേശി അരുൾ കറുപ്പുസ്വാമിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അരുൾ കറുപ്പുസ്വാമി പുരസ്‌കാരം ഏറ്റുവാങ്ങി.

പത്തൊമ്പത് മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡ്. തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല, റീജിയണൽ, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. 

ആകെ 14998 അപേക്ഷകളാണ് ലഭിച്ചത്. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയിൽ 5368 അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. ജില്ലാതലത്തിൽ 4876 തൊഴിലാളികളും, റീജിയണൽ തലത്തിൽ 238 തൊഴിലാളികളും സംസ്ഥാനതലത്തിൽ 57 തൊഴിലാളികളുമാണ് എത്തിയത്.