ഇടുക്കി ജില്ല കോവിഡ് മുക്തം

post

ഇടുക്കി : കൊറോണ വൈറസ് ബാധിച്ച് ഇടുക്കി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ ഇടുക്കി  കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവര്‍ ഇല്ലാത്ത രണ്ടാമത്തെ  ജില്ലയായി. കോവിഡ് രോഗം ജില്ലയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോ രോഗിയുടെയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

  ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും രാപകല്‍ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ജില്ലയില്‍ പുതുതായി രോഗികളില്ല എന്നത് എല്ലാവര്‍ക്കും വളരെ ആശ്വാസം പകരുന്ന കാര്യമാണ്. ആരോഗ്യവകുപ്പിനു കീഴില്‍ ജില്ലാ തലത്തില്‍ ഡി എം ഒയാടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കോവിഡ് കണ്‍ട്രോള്‍ സെല്‍ വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പ്രത്യേകം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമുണ്ട്.

 ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, റവന്യൂ, തദ്ദേശസ്വയംഭരണം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മറ്റ് സ്റ്റാഫുകള്‍ എന്നിവരെ കൂടാതെ പോലീസ്, ഫയര്‍ഫോഴ്സ്, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ കഠിനാധ്വാനത്തിലാണ്. കോവിഡ് പ്രതിരോധം സംബന്ധിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രചാരണം നടത്തിവരുന്നുണ്ട്.  അതിര്‍ത്തിയില്‍ പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നു. മൂന്നാറില്‍ പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംദിനങ്ങളിലും ഇപ്പോഴുള്ള പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.