മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയ അഞ്ചാം ക്ലാസുകാരന്‍ കൗതുകമായി

post

ഇടുക്കി : വളരെ അപ്രതീക്ഷിതമായിട്ടാണ് കാര്‍ത്തിക് ജയന്‍ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി തൊടുപുഴ മണക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കയറി വന്നത്. കൈയ്യില്‍ കരുതിയ ഒരു കവര്‍ ആദ്യം കണ്ട ജീവനക്കാരന്റെ നേര്‍ക്ക് നീട്ടി. കവര്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് കുറെ നോട്ടുകള്‍. കാര്യം മനസിലാകാതെ നിന്ന ജീവനക്കാരന്‍ വിവരം തിരക്കിയപ്പോളാണ് ആ കുരുന്ന് മനസ്സിന്റെ വലുപ്പം മനസിലായത്. വിഷുക്കൈനീട്ടമായി തനിക്ക് ലഭിച്ച 1850/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനായി എത്തിയതായിരുന്നു കാര്‍ത്തിക് ജയന്‍.

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് വന്ന് ചേരുന്ന വലിയ രീതിയിലുള്ള ധനസമാഹരണത്തിന് തന്റെ വക ഒരു ചെറിയ കൈത്താങ്ങാണ് സംഭാവന എന്നാണ് കാര്‍ത്തിക്കിന്റെ വിശ്വാസം. കേരളത്തിന്റെ അതിജീവനത്തിന് വേണ്ടിയുള്ള ബാല്യത്തിന്റെ കരുതലായ 1850 രൂപ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ബി. ഏറ്റുവാങ്ങി. സെക്രട്ടറി ഷാജി മോന്‍ വി.കെയും ജീവനക്കാരും കാര്‍ത്തിക്കിനെ അഭിനന്ദിച്ചു. മണക്കാട് ചിറ്റൂരില്‍ ചലചരക്ക് കട നടത്തി ഉപജീവനം കഴിക്കുകയാണ് കാര്‍ത്തിക്കിന്റെ അച്ഛന്‍ ജയനും കുടുംബവും.