മാസ്‌ക്കുകള്‍ വലിച്ചെറിയേണ്ട: ഇന്‍സിനേറ്ററില്‍ നിക്ഷേപിക്കാം

post

ഇടുക്കി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ ഉപയോഗശൂന്യമായ മാസ്‌ക്കുകള്‍ സംസ്‌ക്കരിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്.  മാസ്‌കുകള്‍ അലസമായി ഉപേക്ഷിക്കുന്നത്  രോഗ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ്  അടിമാലി സെന്‍ട്രല്‍ ജംഗഷനില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് നിര്‍വ്വഹിച്ചു. മെഷീന്റെ ചുവന്ന നിറത്തിലുള്ള ഡോര്‍ തുറന്ന് കൈകള്‍ അകത്തിടാതെ പുറത്തു നിന്നാണ് മാസ്‌കുകള്‍ നിക്ഷേപിക്കേണ്ടത്. തുടര്‍ന്ന് ഡോര്‍ അടച്ച ശേഷം വലതു വശത്തെ സ്വിച്ച് അമര്‍ത്തുന്നതിലോടെ സംസ്‌ക്കരിക്കല്‍ പൂര്‍ത്തിയാകും. നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കേണ്ടതുപോലെതന്നെ ഉപയോഗശൂന്യമായവ പൊതുനിരത്തില്‍ ഉപേക്ഷിക്കാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് ഭരണസമതി അറിയിച്ചു. പഞ്ചായത്തംഗങ്ങളായ എം.പി മക്കാര്‍, കെഎസ് സിയാദ്, മേരി യാക്കോബ്, ഇപി ജോര്‍ജ്, ബിനു ചോപ്ര തുടങ്ങിയവരും സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.