ഒരുമയുടെ സാന്ത്വനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 നല്‍കി

post

ഇടുക്കി: ജില്ല പാലിയേറ്റീവ് പരിചരണ വിഭാഗത്തില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി. ജില്ലയില്‍ ജോലി ചെയ്തുവരുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ നഴ്‌സുമാരും, താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉള്ള പാലിയേറ്റീവ് സ്റ്റാഫ് നേഴ്‌സ്മാരും, ഫിസിയോ തെറാപ്പിസ്റ്റ്മാരും ജില്ലാതല ഓഫീസര്‍മാരും ഉള്‍പ്പെടുന്ന 'പാലിയേറ്റീവ് ഫാമിലി' ഒന്നടങ്കം ഭാഗമായി. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍., ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അജി പി. എന്‍., എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ജീവനക്കാരുടെ പ്രതിനിധികള്‍ ചേര്‍ന്ന് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി  എം. എം. മണിക്ക് തുക കൈമാറി.