പെട്ടിമുടിയിലെ ആ ദുരന്തത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരം. ഇവര്‍ പറയുന്നു.

post

ഇടുക്കി : തോട്ടങ്ങളില്‍ പണിയെടുത്ത് ലായങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍. അവിടെ തമാശകളും, ചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രിക്കൊണ്ട് മണ്ണിനടിയില്‍ അകപ്പെട്ടപ്പോള്‍ അത്ഭുതകരമായ ചില രക്ഷപ്പെടലുകള്‍ക്ക് ഈ മണ്ണും സാക്ഷ്യം വഹിച്ചു. അതുവരെ ജീവിച്ചിരുന്ന ചുറ്റുപാടുകളും കണ്ടുകൊണ്ടിരുന്ന ആളുകളെയും ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ തന്നെയാണ് ഇവര്‍. അവര്‍ക്ക് പങ്കുവെയ്ക്കാനുള്ളതും  പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകളാണ്. ആ വലിയ ദുരന്തത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് അവര്‍ പറയുന്നു. പെട്ടിമുടില്‍ മണ്ണിനടിയിലായ നാലു ലയങ്ങളുടെയും അല്‍പ്പം മുകള്‍വശത്തായാണ് ഷണ്‍മുഖയ്യയുടെയും വിജയകുമാറിന്റെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. മലയിടിഞ്ഞു വന്നപ്പോള്‍ ഈ കുടുംബങ്ങളുടെ മാത്രം വാസസ്ഥലം ആ മണ്ണില്‍തന്നെ  അവശേഷിച്ചു. കണ്‍മുന്നില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ ഈ കുടുംബങ്ങള്‍ പങ്കുവയ്ക്കുന്നു. മലമുകളില്‍ നിന്ന് സുനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിപ്പെടുത്തുന്ന ആ നിമിഷങ്ങള്‍ പങ്കുവെച്ചു. ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു.  അവന്റെ കൂട്ടുകാരൊക്കെയും  മണ്ണിടിച്ചിലകപ്പെട്ടിരുന്നു. ഒന്നിച്ച് പഠിച്ചിരുന്നവര്‍. കളികൂട്ടുകാര്‍; അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവന്‍ മാത്രം തിരിച്ച് തന്നു. ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ കൊണ്ടുപോയി. പറഞ്ഞ് മുഴുവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നോര്‍ത്ത് കരയുന്ന കവിതയും ആ ദുരിതദിനത്തിന്റെ ഓര്‍മയില്‍ വിതുമ്പുന്നു. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്ടമായ സ്‌നേഹബന്ധങ്ങളുടെ ഓര്‍മകളും ഇവിടെയുള്ള ഓരോരുത്തരിലുമുണ്ട്.