മികവിന്റെ കേന്ദ്രമായി കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

post

 പുതിയ അക്കാദമിക്  ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ഇടുക്കി :  കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക്  ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയ തോതിലുള്ള ഊര്‍ജമാണ് പൊതുവിദ്യാഭ്യാസരംഗത്തുണ്ടായതെന്ന് ഹൈടെക് സ്‌കൂള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുവാനാണ് ഉദ്ദേശിച്ചത്. ഇതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യങ്ങളൊരുക്കി സംസ്ഥാനത്ത് 34 സ്‌കൂള്‍ മന്ദിരങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിനൊപ്പം നാടും നാട്ടുകാരും സന്നദ്ധ സംഘടനകളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ നടപ്പാക്കിയതില്‍ നാം   ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിലവിലുള്ള സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന സൗകര്യം സ്ഥിരം സംവിധാനമല്ലെന്നും ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാവുന്ന ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളോടെയും വിദ്യാലയങ്ങളില്‍ പഠനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ  സുപ്രധാന പദ്ധതിയാണ് എല്ലാ മണ്ഡലത്തിലും ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയമെന്നത്. ഇതിന്റെ ഭാഗമായി 51 നിയോജക മണ്ഡലങ്ങളില്‍ പദ്ധതി പൂര്‍ത്തികരിച്ചെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യ പ്രഭാഷകനായിരുന്നു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിച്ചു. അഞ്ച്  ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത് വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിന് ഉദാഹരണമാണെന്നും മന്ത്രി എംഎം മണി പറഞ്ഞു.

കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു കോടി രൂപ ചെലവഴിച്ചാണ് കുഞ്ചിത്തണ്ണി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളത്. രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകളില്‍ 14 ഹൈടെക്ക് ക്ലാസ് റൂമുകള്‍, അഞ്ച് ലാബുകള്‍, സ്മാര്‍ട്ട് കിച്ചണ്‍, ഡയനിംഗ് റൂം എന്നിവയടക്കമാണ്  പുതിയ ഹൈടെക്ക് സ്‌കൂള്‍ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രാദേശിക യോഗം  എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹൈടെക്ക് വിദ്യാഭ്യസത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എസ് വിജയകുമാര്‍, പള്ളിവാസവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്തംഗം ടൈറ്റസ് തോമസ്, അടിമാലി എ.ഇ.ഒ അംബിക പി, സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ ഗംഗാധരന്‍, പി.ടിഎ പ്രസിഡന്റ് കെ,എന്‍ രാജു, കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.രാജകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ പി.കെ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.  ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.