കുരങ്ങാട്ടി പാടശേഖരത്ത് കൊയ്ത്തുത്സവം

post

ഇടുക്കി: നെല്‍കൃഷി പടിയിറങ്ങാത്ത അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് കൂടുതല്‍ കര്‍ഷകര്‍ വിളവെടുപ്പാരംഭിച്ചു. അഞ്ചേക്കറോളം പാടത്ത് നെല്‍കൃഷിയിറക്കിയ പുളിയമാക്കല്‍ ജോണ്‍ ബൈനോയുടെ പാടത്തെ കൊയ്ത്തുത്സവം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി റ്റി സുലോചന ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെയും യുഎന്‍ഡിപിയുടെയും ഹരിതകേരളമിഷന്റെയും സഹകരണത്തോടെയായിരുന്നു ജോണ്‍ബൈനോ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കുരങ്ങാട്ടിയില്‍ നെല്‍കൃഷിയിറക്കിയിരുന്നത്.    

ഹൈറേഞ്ചിന്റെ പല മേഖലകളില്‍ നിന്നും നെല്‍കൃഷി പാടെ പടിയിറങ്ങിയെങ്കിലും വര്‍ഷാവര്‍ഷം മുടങ്ങാതെ പാടത്ത് വിത്തെറിയുന്ന ഒരു പറ്റം കര്‍ഷകര്‍ ഇപ്പോഴും കുരങ്ങാട്ടിയിലുണ്ട്. കാട്ടുമൃഗ ശല്യമുള്‍പ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് കര്‍ഷകരിവിടെ കതിരു കാക്കുന്നത്. മലബാറിയും ഇത്തികണ്ടപ്പനും മല്ലിക്കുറവയും രക്തശാലിയുമൊക്കെയാണ് കര്‍ഷകര്‍ കുരങ്ങാട്ടി പാടശേഖരത്തിറക്കിയിട്ടുള്ള പ്രധാന വിത്തിനങ്ങള്‍.