പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍
ഇടുക്കി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കല്ലാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യമുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുമ്പോള്‍ പണം കൊടുത്ത് നിലവാരമില്ലാത്ത വിദ്യാഭ്യാസം നേടണ്ടതില്ലെന്ന പൊതുബോധം ജനങ്ങളിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തലമുറക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്‍കി ലോകത്തെവിടെയും തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ രംഗത്ത് വന്‍മുന്നേറ്റമുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രൈമറി വിഭാഗം കുട്ടികളുടെ കായികവും ശാരീരികവുമായ വികാസം ലക്ഷ്യം വച്ച് കായിക വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത പദ്ധതി പ്ലേ ഫോര്‍ ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനവും യോഗത്തില്‍ നടന്നു. പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ദതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ വിദ്യാലയമാണ് കല്ലാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. ആധുനിക രീതിയില്‍ 484 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായി എട്ട് ക്ലാസ് മുറികളടക്കമാണ് പുതിയ ഹൈടെക്ക് സ്‌കൂള്‍ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവ്. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് എഞ്ചിനീയര്‍ ഷെല്ലി ജെയിംസ്, കോണ്‍ട്രാക്ടര്‍ മനേഷ് ജേക്കബിനെയും ചടങ്ങില്‍ അനുമോദിച്ചു.