ഉയരാം ഒന്നിച്ച് എക്‌സ്‌പോഷർ: വിദ്യാർഥികൾ കലക്ട്രേറ്റ് സന്ദർശിച്ചു

post


കോഴിക്കോട്: ഉയരാം ഒന്നിച്ച് എക്‌സ്‌പോഷർ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ കോഴിക്കോട് കലക്ട്രേറ്റിലെ വിവിധ ഓഫീസുകളിൽ സന്ദർശനം നടത്തി. ജില്ലാ പി.എസ്.സി ഓഫീസ്, പോലീസ് കമ്മീഷണർ ഓഫീസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസ് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കൊടുവള്ളി ബ്ലോക്കിന് കീഴിലെ കട്ടിപ്പാറ, തിരുവമ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ ട്രൈബൽ കോളനികളിൽനിന്നുള്ള 28 വിദ്യാർഥികളാണ് പഠനാനുബന്ധമായി കലക്ട്രേറ്റിലെ വിവിധ ഓഫീസുകളിലെത്തിയത്.


സബ് കലക്ടർ ചെൽസാസിനി, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ബെന്നി പി. തോമസ് എന്നിവർ കലക്ട്രേറ്റിൽ വിദ്യാർഥികളെ സ്വീകരിച്ചു. കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി വിദ്യാർഥികളുമായി സംവദിച്ചു. പഠനത്തോടൊപ്പം കലയ്ക്ക് പ്രാധാന്യം നൽകണമെന്നും എല്ലാ ദിവസവും സ്‌കൂളിൽ പോകണമെന്നും കലക്ടർ നിർദേശിച്ചു. കോളനികളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ കലക്ടർ ആരാഞ്ഞു. അസിസ്റ്റന്റ് കലക്ടർ ആർ മുകുന്ദ് വിദ്യാർഥികളുമായി സംസാരിച്ചു.


പി.എസ്.സി സീനിയർ ഗൈഡ് അസിസ്റ്റന്റ് സുജിത്ത്, റവന്യൂ ഡിവിഷണൽ ഓഫീസർ എം. ഷൈജു, സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് എം. അബ്ദുള്ള തുടങ്ങിയവർ കുട്ടികൾക്ക് ക്ലാസെടുത്തു. പട്ടികവർഗ വികസന ഓഫീസ് സി.എസ്.ഡബ്ല്യൂ സനീഷ് വർഗീസ്, ചൂരത്തോട് എം.ജി.എൽ.സി സ്‌കൂൾ ടീച്ചർ രാഘവൻ, ജീവനക്കാരി ഡോളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


യാത്ര രാവിലെ 9ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.ഷമീർ, വാർഡ് മെമ്പർ സൂരജ എന്നിവർ പങ്കെടുത്തു.