തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപ്പത്രങ്ങൾ, ഇ-പേപ്പറുകൾ, ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ, വെബ്‌സൈറ്റുകൾ, വീഡിയോ വാൾ, സിനിമാ ഹാൾ തുടങ്ങിയവയിൽ പാർട്ടികളും സ്ഥാനാർഥികളും പരസ്യങ്ങൾ നൽകുന്നതിനു മുമ്പ് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെംബർ സെക്രട്ടറിയുമായ എം.സി.എം.സിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.
നൽകാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോർമാറ്റിലും പ്രിന്റ് ഫോർമാറ്റിലുമുള്ള രണ്ട് വീതം കോപ്പികൾ സഹിതം നിശ്ചിത ഫോറത്തിലാണ് അനുമതിക്ക് അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ പരസ്യം നിർമിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടിയുള്ളതാണോ പാർട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. സ്ഥാനാർഥിയോ പാർട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നൽകുന്നതെങ്കിൽ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമർപ്പിക്കണം. പരസ്യവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെക്കായോ ഡിഡിയായോ ആണ് നൽകിയതെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നൽകണം.
അംഗീകൃത പാർട്ടികൾ പരസ്യം നൽകാനുദ്ദേശിക്കുന്നതിന്റെ ചുരുങ്ങിയത് മൂന്നു ദിവസം മുമ്പും ചെറുകിട പാർട്ടികൾ ഏഴുദിവസം മുമ്പുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരസ്യങ്ങൾ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാൻ എംസിഎംസിക്ക് അധികാരമുണ്ട്. കമ്മിറ്റിയിൽ നിന്ന് അനുമതി പത്രം ലഭിച്ച ശേഷമേ ഇവ പ്രസിദ്ധീകരിക്കാവൂ എന്നും കലക്ടർ അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാർഥികൾക്കും പാർട്ടികൾക്കും മാധ്യമങ്ങൾക്കുമെതിരേ നിയമ നടപടി സ്വീകരിക്കും.
ബൾക്ക് എസ്എംഎസ്, വോയ്സ് മെസേജ് സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എം.സി.എം.സിയുടെ മുൻകൂർ അനുമതി വാങ്ങണം. മാധ്യമങ്ങൾ സൗജന്യമായാണ് പരസ്യം നൽകുന്നതെങ്കിൽ പോലും നേരത്തേ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തും. എംസിഎംസിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അവ സ്ഥാനാർഥിയുടെ ചെലവിൽ വകകൊള്ളിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.