ലഹരിവിരുദ്ധ ക്യാമ്പയിൻ: തുടക്കം കുറിക്കുന്നത് ധീരമായ പോരാട്ടത്തിന്

post

നാടിന്റെ അസ്തിത്വം കാത്ത് സൂക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് ലഹരിവിരുദ്ധ ക്യാമ്പയിനിലൂടെ സംസ്ഥാനം തുടക്കം കുറിക്കുന്നതെന്ന് തുറമുഖം - മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിരുദ്ധ ക്യാമ്പയിനിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് അഭിമാനമാണ്. എന്നാൽ ഇവക്കെല്ലാം വെല്ലുവിളി ഉയർത്തുന്നതാണ് വർദ്ധിച്ചു

വരുന്ന ലഹരി ഉപയോഗം. കേരളത്തിലെ മുഴുവൻ ജനങ്ങളെയും കോർത്തിണക്കിയാണ് സർക്കാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു വിദ്യാർത്ഥി ലഹരി ഉപയോഗത്തിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ സഹപാഠിയെ തിരിച്ചുകൊണ്ടുവരുന്ന ഉത്തരവാദിത്തം മറ്റ് വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.


നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ വീഡിയോ പ്രദർശനവും നടത്തി. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ബലൂണുകൾ മന്ത്രി, എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവർ കുട്ടികൾക്കൊപ്പം ചേർന്ന് ആകാശത്തേക്ക് പറത്തി.