ഓപ്പറേഷന്‍ യെല്ലോ' 33 കാർഡുകൾ പിടിച്ചെടുത്തു

post

പൊതുവിതരണ വകുപ്പിന്റെ 'ഓപ്പറേഷന്‍ യെല്ലോ' പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന 33 കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളില്‍ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ച മൂന്ന് എ. എ.വൈ.കാര്‍ഡുകള്‍, 25 മുന്‍ഗണനാ കാര്‍ഡുകള്‍, അഞ്ച് സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കാര്‍ഡുടമകള്‍ക്ക് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില അടയ്ക്കുവാന്‍ നോട്ടീസ് നല്‍കി.

വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9188527301 നമ്പറിലോ 1967 ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.