ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂടാടിയിൽ ദുരന്ത നിവാരണ സേന

post

അപകടങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്താൻ മൂടാടിയിൽ ഇനി ദുരന്ത നിവാരണ സേനയുണ്ടാകും. ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കർമ്മ പദ്ധതി പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നു. ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 100 പേരടങ്ങുന്ന വളണ്ടിയർ ഗ്രൂപ്പാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. സേനാം​ഗങ്ങൾക്കുള്ള പരിശീലനവും ആരംഭിച്ചു.

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സേവന സന്നദ്ധരായ പുരുഷന്മാരെയും സ്ത്രീകളെയും അണിനിരത്തിയാണ് ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാർഡുകളും നൽകും.

രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചായിരിക്കും സേനയുടെ പ്രവർത്തനം. പ‍ഞ്ചായത്തിന്റെ ഒരുഭാ​ഗം കടലായതിനാൽ, അവിടത്തെ രക്ഷാപ്രവർത്തന രീതികളിലൂന്നിയുള്ള പരിശീലനം സേനാം​ഗങ്ങൾക്ക് ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറി തുടങ്ങിയവരടങ്ങിയ കമ്മിറ്റി സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ദുരന്തനിവാരണ സേനാം​ഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു.