കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി

post

കോഴിക്കോട്: കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അക്കാദമിക്ക് മികച്ച കെട്ടിടവും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കളിസ്ഥലം നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കായികരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ സമര്‍പ്പിച്ചിരുന്നത്. ഇത് ധനകാര്യ, കായിക വകുപ്പുകളുടെ അംഗീകാരത്തോടെ കായിക വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറ്റിയാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ആരോഗ്യമുള്ള തലമുറയ്ക്കായി കായികരംഗത്ത് സര്‍ക്കാരിന്റെ മാതൃകാപരമായ പദ്ധതികള്‍ കുറ്റ്യാടി മണ്ഡലത്തിലും നടപ്പിലാക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.