വിമുക്ത ഭടന്മാരെ ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ

post

സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള സാമ്പത്തിക സഹായ പദ്ധതിയില്‍ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

സംസ്ഥാനത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മുന്നേറി സംസ്ഥാന സർക്കാർ. രാജ്യത്തിനായി സേവനം അനുഷിച്ചവരെയും കുടുംബത്തെയും ചേർത്ത് നിർത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സൈനിക ക്ഷേമ ഓഫീസ് മുഖേനയാണ് ഇവർക്കായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പരാതി പരിഹാര സമിതിയുടെ നേതൃത്വത്തിൽ സൈനികരുടെയും മുന്‍സൈനികരുടെയും വിമുക്തഭട വിധവകളുടെതുമായ 23 പരാതികൾ തീർപ്പാക്കി. വിവിധ വകുപ്പുകളുടെ ജില്ലാ അധികാരികളുടെ സഹായത്തോടെ പരാതികൾ അവലോകനം ചെയ്താണ് തീര്‍പ്പ് കല്‍പ്പിച്ചത്. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കാണ് ഇതോടെ പരിഹാരമായത്. ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.

സേവന നിരതരായ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും വിധവകളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പ്രതിമാസ സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടിയിലധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ജില്ലയിൽ നിന്ന് 122 പേര്‍ക്ക് 2,34,24,000/- രൂപ വിതരണം ചെയ്തു. അതോടൊപ്പം നിര്‍ധനരും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വിമുക്തഭടന്മാരും വിമുക്തഭട വിധവകളുമായ 69 പേര്‍ക്കായി 4,29,000/- രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.