2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കും

post

ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കും

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായതായും മാലിന്യ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുക. രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാർത്ഥി - യുവജന, സർക്കാർ, അർധ സർക്കാർ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജൂൺ അഞ്ചിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തിൽ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങൾ പൂർത്തീകരിക്കും. തെരുവുകളിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുകയും അവിടെ വെയിസ്റ്റ് ബിന്നുകൾ , മെറ്റീരിയൽ കലക്ഷൻ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുകയും ചെയ്യും. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം സ്ഥാപിച്ച് മനോഹരമാക്കും.

ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ഓഫീസുകളിലെ മാലിന്യങ്ങളും ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ഉൾപ്പടെ ശുചീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു. ക്യാമ്പെയിനിൻ്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗങ്ങൾ ജില്ലയിൽ പൂർത്തിയായി.

2965 ഹരിത കർമ്മ സേനാംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിനായി നിയോഗിച്ചു. ഈ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 2260 ഓടകൾ വൃത്തിയാക്കി. 13036 വെള്ളക്കെട്ട് പ്രദേശങ്ങളും കണ്ടെത്തി ശുചീകരിച്ചു. 554 മാലിന്യ കൂമ്പാരങ്ങളിൽ 482 എണ്ണം പൂർണ്ണമായി നീക്കം ചെയ്തു. ബൾക്ക് വെയ്സ്റ്റ് ജനറേറ്റേഴ്‌സായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സ്ഥാപനങ്ങൾ പരിശോധിക്കുന്നതായും പ്ലാസ്റ്റിക്ക് ഉൾപ്പടെ മാലിന്യങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതായും മന്ത്രി അറിയിച്ചു. ജൂൺ അഞ്ചോടു കൂടി തന്നെ 100 ശതമാനം വീടുകളിലും ഹരിത കർമ്മ സേനകൾ ഡോർ ടു ഡോർ കലക്ഷൻ എടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർ റൂം പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റും ചെയ്യും.

രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 30 ന് മുമ്പ് പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിന് മുമ്പായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും എംഎസിഎഫ് ( മറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കും. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധികളിലായി ആർആർഎഫ് യൂണിറ്റുകളും( റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) സ്ഥാപിക്കും. മൂന്നാം ഘട്ടം 2024 മാർച്ച് 30 നുള്ളിൽ പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കും. നിലവിൽ ഉപയോഗിക്കുന്ന ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഹരിത കർമ്മ സേനങ്ങളുടെ പ്രവർത്തനം ഒരു വീടുപോലും വിട്ടുപോകാത്ത രീതിയിൽ ക്രമീകരിക്കും. ആപൽക്കരമായ ഗാർഹിക മാലിന്യങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ് എന്നിവ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനവും ഈ കാലയളവിൽ പൂർത്തീകരിക്കും. കൺസ്ട്രക്ഷൻ ഡിമോളിഷൻ വേസ്റ്റുകളുടെ പ്ലാന്റുകളും സംസ്‌ക്കരണ സംവിധാനങ്ങളും ജില്ലയിൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.