'നാട്ടുമാവും തണലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു

post

വനം വകുപ്പ് ആരംഭിച്ച നാട്ടുമാവും തണലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാവണ്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ഭാവി തലമുറക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കാൻ മുഴുവൻ ആളുകളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയിലെ സകല ജീവജാലങ്ങളോടും അനുകമ്പയും കരുണയും ഉണ്ടാവണം. ശുദ്ധജലം, ശുദ്ധവായു, മാലിന്യരഹിത ഭൂമി എന്നിവ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വന നശീകരണത്തിന്റെ അനന്തരഫലമായി അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് നാട്ടുമാവും തണലും പദ്ധതിക്ക് രൂപം നൽകിയത്. പാതയോരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ലഭ്യമാകുന്ന ഇടങ്ങളിൽ നാട്ടുമാവിന്റെ തൈകൾ നട്ടുപിടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീ ഗാർഡുകൾ സ്ഥാപിച്ച് മരങ്ങൾ സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 14 ജില്ലകളിലായി 17,000ത്തോളം നാട്ടുമാവിൻ തൈകളാണ് നടുന്നത്.

കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജ്യോത്സ്ന എസ്. വി, ഗ്രാമപഞ്ചായത്ത് അംഗം സിജി എം.പരപ്പിൽ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ അനൂപ്, സബ് കലക്ടർ വി. ചെത്സാസിനി, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. എസ് ദീപ, പ്രിൻസിപ്പൽ കെ ലതിക, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ്, സോഷ്യൽ ഫോറസ്ട്രി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കോൺസർവേറ്റർ ഇ. പ്രദീപ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.