'സര്‍ഗാലയ' അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഉജ്ജ്വല തുടക്കം

post

മേള ജനുവരി എട്ട് വരെ

'സര്‍ഗാലയ' അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് സര്‍ഗാലയ മേളയുടെ 11-ാമത് എഡിഷന്‍ സംഘടിപ്പിക്കുന്നത്. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിര്‍വഹിച്ചു.

ശ്രീലങ്കയാണ് പാർട്‌ണർ രാജ്യമായി മേളയിൽ പങ്കെടുക്കുന്നത്. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും കുടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കരകൗശല വിദദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡെവലപ്പ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്‌ട്‌സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള 'ഗ്രീൻ മൊബിലിറ്റി എക്സ്പോ', കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയുമുണ്ട്. മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബി.എൽ.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പയ്യോളി നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും നബാർഡ്‌ പവലിയൻ നബാർഡ്‌ ഡി.ഡി.എം മുഹമ്മദ് റിയാസും പൈതൃകം പവലിയൻ ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ. വി. ജയരാജനും ഉദ്ഘാടനം ചെയ്തു.