ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

നിരീക്ഷണം പൂര്‍ത്തിയാക്കി 1167 പേര്‍ 

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ(14.04) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഴിയൂര്‍ സ്വദേശിയായ, 42 കാരനാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍ സെന്ററില്‍  നിരീക്ഷണത്തിലാണ്.

ഇന്നലെ രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരില്‍ ഒരാള്‍ മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വന്നതാണ്. 35 വയസ്സുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രില്‍ 11 നു പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടില്‍  തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരില്‍ ഏഴു പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 9 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇന്ന് 1167 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവില്‍ 16,240 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 5 പേര്‍ ഉള്‍പ്പെടെ ആകെ 29 പേരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 4 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 556 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 532 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 512 എണ്ണം നെഗറ്റീവ് ആണ്. 16 കോഴിക്കോട് ജില്ലക്കാരും 4  ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 20 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 11 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.  കൂടാതെ 35 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ജില്ലയില്‍ 4465 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8865 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.