കോവിഡ് 19: ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം

post

രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി;  വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി 2113 പേര്‍

കോഴിക്കോട് : കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ കൂടി ഇന്ന് (15.04.20) രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. നല്ലളം, കായക്കൊടി സ്വദേശികളാണ് രോഗമുക്തരായവര്‍. ഇനി 7 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 16 പേരില്‍ 9 പേരും ഇതര ജില്ലക്കാരായ 4 പേരില്‍ 2 പേരും ഇതിനകം രോഗമുക്തി നേടിയത് ആശ്വാസമായി.

ഇന്ന് 2113 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 8566 ആയി. ഇന്ന് പുതുതായി നിരീക്ഷണത്തില്‍ വന്ന 46 പേര്‍ ഉള്‍പ്പെടെ ആകെ 14,173 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. പുതുതായി വന്ന 4 പേര്‍ ഉള്‍പ്പെടെ ആകെ 24 പേരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 

ഇന്ന് 14 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 570 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 552 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 532 എണ്ണം നെഗറ്റീവ് ആണ്. 18 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ കലക്ടര്‍ വീഡിയോ സൂം കോണ്‍ഫറന്‍സിലൂടെ പഞ്ചായത്ത് തല ജാഗ്രതാ സമിതികളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഴിയൂര്‍, എടച്ചേരി ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത്-വാര്‍ഡ് തല ജാഗ്രതാസമിതി യോഗം ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. പ്രദേശത്ത് മൈക്ക് പ്രചരണവും ആരോഗ്യ പ്രവര്‍ത്തകരും വളന്റിയര്‍മാരും വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.  കൂടാതെ 32 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ജില്ലയില്‍ ഇന്ന് 2479 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4044 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.