കോവിഡ് 19:ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗമുക്തി

post

കോഴിക്കോട് : ജില്ലയില്‍ കോവിഡ് പോസിറ്റീവായ കേസുകളില്‍ മൂന്ന് പേര്‍ കൂടി ഇന്നലെ (ഏപ്രില്‍ 29) രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ചങ്ങരോത്ത് സ്വദേശിയായ 20 കാരനും അഴിയൂര്‍ സ്വദേശിയായ 41 കാരനും എടച്ചേരി സ്വദേശിയായ 35 കാരനുമുള്‍പ്പെടെ മൂന്ന് കോഴിക്കോട് സ്വദേശികളാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 20 കോഴിക്കോട് സ്വദേശികളും നാല് ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 24 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 4 പേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ഇന്നലെ 18 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി. ജില്ലയില്‍ ആകെ 1125 പേര്‍ നിരീക്ഷണത്തിലുണ്ട്.  ഇന്നലെ പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ ആകെ 48 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.ഇന്നലെ 71 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 998 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 967 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 937 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 31 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ ആറ് പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.  കൂടാതെ 28 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2622 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11048 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി താമരശ്ശേരിയില്‍ മൈക്ക് പ്രചാരണം നടത്തി.