നോര്‍ക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യത നിര്‍ണ്ണയവും സംരംഭകത്വ പരിശീലനവും

post

കോഴിക്കോട്: പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും നേത്യത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ്  ഡിസംബര്‍ 3ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ തളാപ്പ് നവനീതം ഹാളില്‍ നടത്തും. 

പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുകയും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി.യിലെ വിദഗ്ധര്‍ നല്‍കും. വായ്പ ലഭിക്കുന്ന സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കും.

താല്പര്യമുള്ളവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും കൊണ്ടുവരണം. നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും കൃത്യ സമയത്ത് എത്തിചേരുകയും വേണം. 

കൂടുതല്‍ വിവരങ്ങള്‍ സി.എം.ഡി.യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0495 230 4882, 4885 നമ്പറിലും ലഭിക്കും.