അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ 50000 പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

post

കോഴിക്കോട്: അമ്പതിനായിരം പേര്‍ക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് ജില്ലയില്‍ 9356 പേര്‍ക്ക് പട്ടയം ലഭിച്ചു കഴിഞ്ഞു. സംസ്ഥാനത്താകെ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.ജനുവരി ഒന്നിന് സമഗ്ര ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികം തിരുവനന്തപുരത്ത് വിപുലമായി നടത്തും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തീരദേശം ,ഫോറസ്റ്റ് ,പോര്‍ട്ട് മേഖലകളില്‍ പട്ടയ വിതരത്തില്‍ കാലതാമസം നേരിടുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്  പരിഹാരമായിട്ടുണ്ട്. ഇനി വടക്കന്‍ ജില്ലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കേരളത്തില്‍ നിലവില്‍ 50 ലക്ഷം പേര്‍ ഭൂവുടമകളായി മാറി എന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി താലൂക്കില്‍ സുനാമി പട്ടയം മറിയം കാര്‍ത്തി, ഹാജ്‌റ, സിന്ധു ,കൊച്ചുമ്മ എന്നിവരും  മിച്ചഭൂമി പട്ടയം ലീല ,സതി എ. റ്റി. ,ദേവയാനി പാലങ്ങോട്ടു മീത്തല്‍ ,സനില കെ.എസ്., പ്രേമലത എന്‍ പടിഞ്ഞാറെ പാട്ട് എന്നിവരും താമരശേരി താലൂക്കില്‍ വിനോദ് കോരന്‍, മുഹമ്മദ് പൊട്ടിക്കൈ, ഖദീജ, തങ്കമ്മ സുബ്രഹ്മണ്യനും വടകര താലൂക്കില്‍ സുനാമി പട്ടയം പ്രകാശന്‍, പുഷ്പ, ഹുസൈന്‍, റംല, വത്സരാജ്, മഹിജ സരസു, സുമലത എന്നിവരും  മന്ത്രിയില്‍ നിന്ന്  ഏറ്റുവാങ്ങി.

മൂന്നര വര്‍ഷത്തിനുള്ളില്‍ 7000ത്തില്‍ പരം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി കഴിഞ്ഞതായും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂമിത്ര പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. റവന്യു വകുപ്പ് വിചാരിച്ചാലും കാലതാമസം നേരിടുന്ന ഭൂപ്രശ്‌നങ്ങളുള്ള പ്രദേശങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജന്മി-കുടിയാന്‍ അവകാശഭൂമികളിലെ ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ജില്ലയിലെ ലാന്റ് ട്രിബ്യൂണലുകള്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്. കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിനും പുറമ്പോക്ക് ഭൂമിയും മിച്ചഭൂമിയും അര്‍ഹരായവര്‍ക്ക് നിയമാനുസൃതം പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രഥമ പരിഗണനയാണ് നല്‍കുന്നത് .

ടൗണ്‍ ഹാളില്‍ നടന്ന പട്ടയമേളയില്‍ 1839 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.