ഖാദികൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

post

കോഴിക്കോട് : ഖാദി-കൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന  ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി.രാമകൃഷ്ണന്‍. നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ ഖാദി ഉല്‍പ്പാദന വിപണന കേന്ദ്രത്തിന്റെയും കെട്ടിട പുനരുദ്ധാരണ പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഈ മേഖലകളില്‍ ജോലിചെയ്യുന്ന  തൊഴിലാളികള്‍ക്ക് കൂലിയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യങ്ങളില്‍ അനുകൂലമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മുളിയങ്ങല്‍ ഖാദി ഉല്‍പ്പാദന വിപണന കേന്ദ്രത്തിന്റെയും നൊച്ചാട് പഞ്ചായത്ത് 10.4 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന കെട്ടിട പുനരുദ്ധാരണ പ്രവൃത്തിയുടേയും ഉദ്ഘാടനമാണ് നടന്നത്.

1983ല്‍ ആരംഭിച്ച മുളിയങ്ങല്‍ ഖാദി കേന്ദ്രം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ചു. ടോയ്‌ലറ്റ്, തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രം, ടൈല്‍ പാകല്‍ എന്നിവ നടത്തി. 

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണന്‍, ഖാദി ബോര്‍ഡംഗം കെ.ലോഹ്യ, ഖാദി ജില്ലാ പ്രൊജക്ട് ഓഫീസര്‍ അജിത്ത് കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം.മനോജ്, വാര്‍ഡ് മെമ്പര്‍ ശോഭന വൈശാഖ്, ഖാദി വില്ലേജ് ആന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഷിബി തുടങ്ങിയവര്‍ സംബന്ധിച്ചു.